2015, ഫെബ്രുവരി 3, ചൊവ്വാഴ്ച

ഓര്‍മ്മയില്‍ എന്‍റെ ലോകം ...

                 

എന്തെ ഇപ്പോള്‍ ഇങ്ങിനെ ഒരു പരിപ്പുകറിയുടെയും, ഉണക്ക അയില പൊരിച്ചതിന്റെയും രുചിയും,മണവും  മനസ്സില്‍ നിറഞ്ഞു നാവില്‍ വെള്ളമൂറിയത് ? അതെ.. എന്റെ ഉമ്മയുടെ കൈപുണ്യം തെളിയുന്ന വിഭവങ്ങളിലെ ഒരു പ്രധാന ഇനം കറി. കാലം ഏറെ കഴിഞ്ഞിട്ടും, നാവിൽ തങി നിൽക്കുന്ന ആ രുചിക്കു എന്റെ ഭൂതകാല ചരിത്ര സ്മരണയുടെ ആസ്വാദനാ രുചിയുമുണ്ടെന്നതു തന്നെ.

                  എന്‍റെ പ്രദേശം ധാരാളം മല്‍സ്യം ലഭിക്കുമായിരുന്ന സ്ഥലമായിരുന്നു. അന്ന്  മത്സ്യ വള്ളങൾ വന്നണഞ്ഞിരുന്നത് ഇവിടെയായിരുന്നു. നേരം പുലരുന്നതോടെ കടപ്പുറവും, ബസാറും മല്‍സ്യം കൊണ്ട് നിറയും. തിരക്ക് പിടിച്ച ഒരു മല്‍സ്യ വിപണിയായിരുന്നു ഇവിടം
( ഈ വിവരണങ്ങള്‍ കൂടുതല്‍..ഇവിടെ ക്ലിക്ക് ചെയ്യൂ)

              എന്നാല്‍ മഴ നിലത്ത് വീഴുന്നതോടെ സ്ഥിതി  ആകെ മാറും. പച്ച മല്‍സ്യം കാണാന്‍ പോലും ഉണ്ടാകില്ല. ആരും മഴക്കാലത്ത് കടലില്‍ വള്ളമിറക്കി മീന്‍ പിടിക്കാന്‍ പോകാറില്ല.   യന്ത്ര ബോട്ടുകൾ അക്കാലത്ത് ഇല്ലായിരുന്നു. മഴ നിലത്തു വീണാൽ പിന്നെ ആശ്രയം ഉണക്ക മത്സ്യമാണ്.അയില, മത്തി. മുള്ളന്‍, സ്രാവ്,ഏട്ട,മാന്തല്‍.. എന്നിങ്ങിനെ പലതരം ഉണക്ക മല്‍സ്യങ്ങള്‍!!..ഏതാണ്ട് മാങ്ങ ക്കാലം അവസാനിച്ചു വരുന്ന ഘട്ടം. എങ്കിലും ചെനച്ച (മാങ്ങയുടെ പുളിപ്പ് വിട്ടു പഴുപ്പിലേക്ക് കടക്കുന്ന അവസ്ഥയിലുള്ള. അതായത് മധുരമുള്ള പച്ച മാങ്ങ) എളോര്‍ മാങ്ങയും കപ്പായി മാങ്ങയും അല്മാസിന്റെ (അല്മാസ് എന്ന പച്ചക്കറി ക്കട) പച്ചക്കറി കടയില്‍ ലഭിക്കും.

            രണ്ടു നേരം വെച്ച് വിളമ്പി തിന്നു സുഖിച്ചു വാഴുന്ന ഒരു കാല മായിരുന്നില്ല അത്. പകല്‍ സമയങ്ങളില്‍ മിക്കവാറും കപ്പ പുഴുങ്ങിയതും, ചമ്മന്തിയോ, പഴങ്കറിയുന്ടെങ്കില്‍ അതോ പിന്നെ സ്വല്പം പഴംകഞ്ഞിയുമോക്കെയായി സ്നേഹത്തിന്റെയും, ഭക്ഷണത്തിന്റെയും, ബന്ധങ്ങളുടെ ഊഷ്മളതയും,.എല്ലാം നാം കേരളീയര്‍ അനുഭവിച്ചറിഞ്ഞ  മനുഷ്യ ഗുണമുള്ള വേർ തിരിവ് ഇല്ലാത്ത പ്രകൃതിയും, മനുഷ്യരും ഇഴകിച്ചേർന്നു  ജീവിച്ച മനുഷ്യരുടെ കാലഘട്ടം.
(അത് ദൈവത്തിന്റെ സ്വന്തം നാടുതന്നെയായിരുന്നു.'മനുഷ്യ' രെകണ്ട്, ചെകുത്താന്‍മാര്‍ വിട്ടു നിന്ന കാലം. അത് ഇന്നു ചെകുത്താന്മാരെ കണ്ട് മനുഷ്യർ വിട്ടു നിൽക്കുന്ന കാലം)

              മല്‍സ്യ മില്ലാത്ത മഴക്കാലങ്ങളില്‍ ഉമ്മയുടെ മെനുവില്‍ പ്രധാനി, പരിപ്പ് കറിയും (തേങ്ങ അരച്ച് പരിപ്പ് വേവിച്ചു അതില്‍ ഇട്ടു പച്ചമുളകും, വേപ്പിലയും ചേര്‍ത്ത് ഉടച്ചു എടുക്കുന്നത്. ഇതില്‍ ഇനിയും എന്തൊക്കെയാണ് ചേരുവ എന്ന് ഉമ്മക്കെ അറിയൂ.. പെങ്ങന്മാര്‍ക്കൊന്നും അത് കിട്ടിയില്ല)ഇങ്ങിനെ ഉടച്ചെടുത്ത പരിപ്പുകറിയും, ഉണക്ക അയില പൊരിച്ചതും. ഉപ്പയുടെ ഏറ്റവും ഇഷ്ട വിഭവമായിരുന്നു.ഇടയ്ക്കു ഉണക്ക അയില തേങ  അരച്ച് മാങ്ങാ ചീളും ചേര്‍ത്ത് മറ്റു പല കൂട്ട് സാധനങ്ങളും ചേര്‍ത്ത് നന്നായി കടുകില്‍ വറുവിട്ട് വേപ്പില ഉരിഞ്ഞ്ട്ട കറിയും, ഉണക്ക മുള്ളന്‍ പൊരിച്ചതും..ഈ കറികള്‍ ഉള്ളപ്പോള്‍ ചോറ് തീറ്റയില്‍ ഉപ്പ നിയന്ത്രണം വിടും.

              മഴക്കാലത്തെ രാത്രി ഊണിനുള്ള കറികൂട്ടുകളില്‍ എനിക്കായി ഉമ്മ ഉണ്ടാക്കുന്ന സ്പെഷ്യ
ല്‍ ഒരിനം ഉള്ളിക്കറി. മാങ്ങാക്കാലം കഴിഞ്ഞാല്‍. കടുമാങ്ങ പുളിങ്കറിക്ക് പകരമായി ഉമ്മ ഉണ്ടാക്കുന്നത്‌. ഇത് ഉപ്പക്കു താല്പര്യമില്ല. എന്നാല്‍ കടുമാങ്ങക്കറിയോ, ഉള്ളിക്കറിയോ ഇല്ലാതെ വന്നാല്‍ ഞാന്‍ വഴക്കടിക്കും.അതിനാല്‍ ഉമ്മ അതുണ്ടാക്കിയിരിക്കും.

              നിലത്തോടു ചേര്‍ന്ന് കല്ലുവെച്ചു മണ്ണ് തേച്ചു ഉണ്ടാക്കിയ അടുപ്പിന്നരികില്‍ തന്നെ ഉപ്പക്കു
 ഉമ്മ വിളമ്പിക്കൊടുക്കുന്ന ചോറും കറിയും എത്രത്തോളം രുചി ആസ്വദിച്ചും, അനുഭവിച്ചും ആണെന്നോ ഉപ്പ കഴിക്കാറ്..ഉണക്ക അയിലക്കറിയെങ്കില്‍ കയിലില്‍ കോരി നുണഞ്ഞു 'ഞൊട്ട' യിട്ട് രുചി അനുഭവിക്കുന്ന ഉപ്പ., കറി ഉണക്ക അയിലയെങ്കില്‍ പൊരിക്കുന്നത് (വറുക്കുന്നത്) ഉണക്ക മുള്ളന്‍ ആയിരിക്കും!. കലവും അടുത്തുവെച്ചു ഉമ്മ, ഉപ്പയുടെ പ്ലേറ്റില്‍ ചോറ് തീരുന്നതിനനുസരിച്ചു കോരിയിട്ടു കൊടുക്കും. അപ്പോഴും ഇടയ്ക്കു ഉപ്പയുടെ കണ്ണ് ചോറ്റും കലത്തി ലേക്കായിരിക്കും. കലത്തില്‍ ഉമ്മക്കും വലിയുമ്മാക്കും ,എളാമാക്കുമൊക്കെ ചോറ് ഉണ്ടോ എന്നാണ്  ആ നോട്ടം) അതൊക്കെയും തിന്നു കൈവിരലുകള്‍ ഊമ്പി കഞ്ഞി വെള്ളവും കുടിച്ചു ഉപ്പ എംബക്ക മിടുമ്പോള്‍ ഉമ്മയുടെ മുഖം വല്ലാതങ്ങു തെളിയും..(ഉപ്പ വൈകിയെത്തുന്നതിനാല്‍ എനിക്ക് നേരത്തെ ഭക്ഷണം തരും. അപൂര്‍വ്വമായെ ഉപ്പയുടെ കൂടെയിരുന്നു ആഹാരം കഴിക്കാന്‍ കഴിഞ്ഞുള്ളു.. എങ്കിലും ഉപ്പ ആഹാരം കഴിക്കുന്നതും, ഉമ്മ വിളംബിക്കൊടുക്കുന്നതും നോക്കി അടക്കള വാതില്‍പ്പടിയില്‍ ഞാന്‍ ഇരിക്കാറുണ്ട്.

           ഉപ്പ ചോറ് തിന്നു കൈ കഴുകുംബോഴേക്കും  ഉമ്മ കുലായി (വരാന്ത) അടിച്ചു വാരി പായ വിരിച്ചു തരും. അതിനു ശേഷം ഉമ്മയും, വല്യുംമയും,എളാമയും ചോറ് തിന്നും. ചൂട് കാലങ്ങളില്‍ തറവാട്ടിലെ  കുലായിലാണ് ഞാനും ഉപ്പയും കിടക്കാറു . ചിലപ്പോഴൊക്കെ എളാപ്പയും(ഉമ്മയുടെ അനിയത്തി ഭര്‍ത്താവ്) ഉണ്ടാകും. അയല്‍പക്കത്തുള്ള കുഞ്ഞാതുക്കയും,ഉണ്ടാകും.  വിശേഷങ്ങളും , കഥകളും പറഞ്ഞു രസിച്ചുള്ള ആ രാവുകള്‍....ഹൃദ്യവും, രസകരവുമായിരുന്നു.

     ഒറ്റപ്പെട്ട പ്രദേശം പോലെ ഞങ്ങള്‍ ആറു വീട്ടുകാര്‍ മാത്രമാണ് ആ ചെറിയ പ്രദേശത്തുള്ളത്. ഓരോ വീടും നില്‍ക്കുന്നത് വിശാലമായ തെങിൻ പറംബിടങളിലാണ്. ജന്മിമാർ ( സ്ഥല ഉടമകള്‍ ) അവരുടെ തെങിൻ പറംബുകൾ നോക്കി നടത്താൻ എന്ന നിലയിൽ കുടിയാന്മാരായി, (വീട്-കുടിൽ കെട്ടി താമസിക്കാൻ സൌജന്യമായി നൽകുന്ന സമ്പ്രദായം,) കുടിയാൻ - ജന്മി സമ്പ്രദായം അങിനെയാണ് ഉണ്ടായത്. ഞങൾ കാരായ്മക്കാരായിരുന്നു. ജന്മിക്കു കരം കൊടുത്തുകൊണ്ട് വീട് വെക്കാൻ സ്ഥലം വാങുന്ന സമ്പ്രദായം ( കാരായ്മക്കാർ)   രണ്ടും മൂന്നു ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള തെങിൻ തോപ്പുകൾ. ഒറ്റപ്പെട്ട വീടുകൾ. വീടുകൾ ഏറേയും ഓല കൊണ്ടുള്ള കുടിലുകൾ ആയിരിക്കും.  അതില്‍ കുഞ്ഞാതുക്കയുടെയും, വളപ്പില്‍ ഇക്കയുടെയും, ആയിഷ കുട്ടിതാത്തയുടെയും വീടുകളാണ് ഞങ്ങളോട് ഏറ്റവും അടുത്തുള്ളത്.

      ഞങ്ങളെ വട്ടത്തെക്കുള്ള ( പ്രദേശത്തെക്കുള്ള)  അവസാന ചൂട്ടു വെളിച്ചം വളരെ ദൂരെനിന്നും കാണാം. രാത്രി വൈകി ബസാറില്‍ നിന്നും ജോലികഴിഞ്ഞു അവസാന ബസ്സില്‍ വന്നിറങ്ങുന്ന വളപ്പില്‍ ഇക്കയുടെതായിരിക്കും ആ ചൂട്ടു വെളിച്ചം. ഇക്കയും ഞങ്ങളുടെ വീട്ടു വഴിയിലൂടെ വരും. ഉപ്പയും എല്ലാം വളപ്പില്‍ ഇക്കയുടെ വരവും പ്രതീക്ഷിച്ചായിരിക്കും കിടത്തം. എന്തെങ്കിലും വിഷയം എടുത്തിടാന്‍.

      ആന്ധ്രാ,  തായ് ലാന്‍ഡ്‌ അരിയുടെ വരവും, വിലയും, പിന്നെ കച്ചവടക്കാരെ കുറിച്ചും, വലിയങ്ങാടിയിലെ അറിമുതലാളിമാരെ കുറിച്ചുമൊക്കെ യായിരിക്കും ചര്‍ച്ച.ചര്‍ച്ചയില്‍ മിക്കവാറും വലിയങ്ങാടി വരുന്നത്, വളപ്പില്‍ ഇക്കയും,ഉപ്പയും, എളാപ്പയും അവരുടെ ജോലി എല്ലാം വലിയങ്ങാടിയുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നതുകൊണ്ട് തന്നെ.

          ഇങ്ങിനെ ചര്ചിച്ചു കൊണ്ടിരിക്കുമ്പോള്‍ ഉമ്മയുടെ വക ഓരോ കട്ടനും, ചിലപ്പോഴൊക്കെ അവില്‍ കുഴച്ചതുമൊക്കെ കിട്ടുമ്പോള്‍ ചര്‍ച്ച പലപ്പോഴും സുബ്ഹി വരെയൊക്കെ അങ്ങ് നീണ്ടുപോകും.ജോലി കഴിഞ്ഞു കുളിചിട്ടുപോലുമില്ലാത്ത വളപ്പില്‍ ഇക്ക അതെല്ലാം മറന്നു ഉപ്പയുടെ "ലക്ച്ചറി"ല്‍ മുഴുകിയിരിക്കുമ്പോള്‍ വേലിക്കപ്പുറത്തു നിന്നും പാത്തുതാതയുടെ വിളി ഉയരും.വളപ്പില്‍ ഇക്കയുടെ പ്രിയ സഹധര്‍മ്മിണിയാണ് പാത്തുതാത്ത. ഇക്ക എത്തി കുളിച്ചു ചോറ് തിന്നാലെ പാതുത്താതയും ചോറ് തിന്നുകയുള്ളൂ. വിളി അസഹ്യമാകുമ്പോള്‍ ‍ വളപ്പില്‍ ഇക്ക ചൂട്ടു മിന്നിച്ച് കുടിയിലേക്ക് യാത്രയാകും.അതോടെ എല്ലാവരും ഉറക്കത്തിലേക്ക് തിരിയും.

          ഉമ്മറ  വാതില്‍ പോലും കൊട്ടി അടക്കാതെ അകത്ത് സ്ത്രീകളും, പുറത്തു പുരുഷന്മാരും ഭയമില്ലാതെ കിടന്നുറങ്ങിയകാലം.മിക്കവാറും എല്ലാ വീട്ടുകാരും ഉഷ്ണ സമയങ്ങളില്‍ ഇങ്ങിനെ തന്നെയായിരുന്നു. വല്ല പുതിയാപ്പിളമാരുടെ അറയിലും ഫാന്‍ ഉണ്ടായിരിക്കാം. എന്കിലും പ്രകൃതിയുടെ സുഖസുന്ദര ശീതളിമയില്‍ നിര്‍ഭയമായി സുന്ദരമായി കിടന്നുറങ്ങിയ കാല ഘട്ടം. ദാരിദ്ര്യവും, പട്ടിണിയും ഇന്നില്ലെങ്കിലും പകരം നഷ്ടപ്പെട്ടത് വിലപ്പെട്ട പലതുമാണ്.ഓര്‍ക്കുമ്പോള്‍ തിരിച്ചു പോകാന്‍ കൊതിച്ചുപോകുന്ന കാലഘട്ടം...

        പരിപ്പ് കറിയുടെയും ഉണക്ക മീന്‍ പൊരിച്ചതിന്റെയും ഉമ്മയുടെ കൈപുണ്യ മുള്ള കറിവേപ്പില മണമുള്ള ഉള്ളിക്കറിയുടെയും പപ്പടത്തിന്റെയും ലോകത്തേക്ക് ഇനിയൊരിക്കലും എനിക്ക് ചെന്നെത്താനാവില്ലാലോ.....ആശിച്ചു പോകുന്നു.. ഒരുപാട്. ഉപ്പയും, ഉമ്മയും, ആ കഷ്ടപ്പാടും നിറഞ്ഞ...... ഒരു ജീവിതം...