2015, ഡിസംബർ 7, തിങ്കളാഴ്‌ച

ഒരണ കടം വീട്ടാതെ പൊയ്മറഞ്ഞ എന്‍റെ മൊഹമ്മദുക്കാക്ക

       


      കുറെ വര്‍ഷങ്ങള്‍ക്കപ്പുറത്തെക്ക് , അതായത് ഒരു നാല്‍പ്പത്തഞ്ചു വര്‍ഷം പിന്നിലേക്ക്‌...........!
ദരിദ്രര്‍, എന്നാല്‍ പച്ചപ്പാവങ്ങളായ,സ്നേഹവും സൌഹൃദവുമുള്ള, വര്‍ഗ്ഗീയ ചിന്തയോ , മത വേര്‍
തിരിവോ കാണാത്ത, തെങ്ങും, മാവും, പ്ലാവും, കമുങ്ങും, കുളങ്ങളും, അരുവുവികളും കാടും മലയും നിറ
ഞ്ഞു പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ദൈവത്തിന്റെ സ്വന്തം നാടായിരുന്ന, മനോഹര പ്രകൃതി സൌ ന്ദര്യവും, മനുഷ്യ ഹൃദയ സൗന്ദര്യവും ഒത്തിണങ്ങിയ പച്ചയായ മനുഷ്യര്‍ ജീവിച്ചിരുന്ന, ഞാന്‍ അനുഭവിച്ചറിഞ്ഞ ഒരു കാല ഘട്ടം.

പട്ടിണിക്കാരും, അര്‍ദ്ധ പട്ടിണിക്കാരും നിറഞ്ഞ സ്നേഹം കൊണ്ട് വയര്‍ വിശക്കാത്ത കാലം. പകലന്തിയോളം പട്ടിണിയിരുന്നു, സന്ധ്യാ വിളക്ക് തെളിയിക്കാന്‍ മണ്ണെണ്ണക്ക് വകയില്ലാത്ത രാത്രിപ്പട്ടിണിക്കുപോലും തീ പുകയാത്ത ചെറ്റകുടിലുകള്‍ . വൈകുന്നേരമായാല്‍ ഓലക്കൂരകള്‍ക്ക് മീതെ പുക ഉയരുന്നതു കാണാനൊക്കൂ. ചിലപ്പോള്‍ അപ്പോഴും അടുപ്പെരിയാത്ത എത്രയോ പാവപ്പെട്ട, ദരിദ്ര  കുടുംബങ്ങള്‍, എങ്ങും ...

അക്കാലത്ത് എന്‍റെ ഉപ്പയുടെ പെങ്ങള്‍, ആച്ചു അമ്മായി. എടക്കല്‍ ആച്ചു അമ്മായി..  എന്റെ കുട്ടിക്കാലത്ത് സ്നേഹം കൊണ്ടും, ആഹാരം തന്നും വയറും മനസ്സും കീശയും നിറക്കുന്ന എന്റെ ആച്ചു അമ്മായി. ഉപ്പയുടെ ഏതോ വകയിലെ പെങ്ങള്‍, ഉപ്പയുടെ ഉപ്പയെയോ ഉമ്മയെയോ ഞാന്‍ കണ്ടിട്ടില്ല.എന്റെ ഉമ്മക്കും അറിയില്ല. ഒരിക്കലും ഞാന്‍ ഉപ്പയോട് ചോദിച്ചതുമില്ല, വല്യുപ്പയെ കുറിച്ചും,വല്യുമ്മയെ കുറിച്ചും...

പുഴുക്കലരി പൊതിര്‍ത്തു  അരച്ച്  ചീനാ കല്ലില്‍ നെയ്യ്‌ പുരട്ടി ചുട്ടെടുക്കുന്ന  ഘനമുള്ള അരിപ്പത്തിരിയും , മുരിങ്ങ ഇല കറിയും കൂട്ടി തിന്നാന്‍, കയിലില്‍ നിന്നും ഉറ്റി വീഴാന്‍ മടിക്കുന്ന തേങ്ങ അരച്ച് വെക്കുന്ന കട്ടിയുള്ള നല്ല മീന്‍കറിയും, ചോറും തിന്നാന്‍...!, തിന്നു വിശപ്പ്‌ മാറ്റാന്‍  ഇടയ്ക്കിടെ ഞാന്‍ എന്റെ ആച്ചു അമ്മായിയുടെ അടുത്തെത്തും.

അവിടെ എത്തിയാല്‍ പിന്നെ ആരും എന്നെ തിരിച്ചു വിടില്ല. അമ്മായിയും, മുഹമ്മദ് ക്കാക്കയും തീരെ സമ്മതിക്കില്ല...അങ്ങിനെ ഒന്നോ രണ്ടോ ദിവസം താമസിപ്പിച്ച ശേഷം പലപ്പോഴും വല്യക്കാക്ക (ആച്ചു മ്മായിയുടെ മൂത്ത മകന്‍, എന്റെ പ്രിയ ഇക്കാക്ക)യുടെ കൂടെ അന്നത്തെ ഉച്ചയൂണും കഴിപ്പിച്ചു എന്‍റെ വീട്ടിലെക്കയക്കും. പോകുമ്പോള്‍ അമ്മായിയും മൊഹമ്മദ്ക്കാക്കയും ഗുരുക്കള്‍ ഇക്ക (ആച്ചു മ്മായിയുടെ പ്രിയ ഭർത്താവ്.മുഹമ്മദ് ക്കാക്കയുടെ ഉപ്പ.) യും ഉണ്ടെങ്കില്‍ ഇക്കാക്കായുടെയും ഓരോ അണകളും. ( അണ എന്ന് പറഞ്ഞാല്‍ അന്നത്തെ നാണയം.... (മുക്കാല്‍, അണ, നാലണ,എട്ടണ, ഉറുപ്പിക.എന്നിങ്ങനെയായിരുന്നു നാണയങ്ങള്‍ ഒരുറുപ്പികക്ക് പതിനാറു അണ. ഒരണക്ക് നാല് മുക്കാല്‍). ഒരു കുടുംബത്തിന് ഒരു ദിവസം സുഭിക്ഷമായി ഉണ്ട് കഴിയാന്‍ ഒന്നോ രണ്ടോ ഉറുപ്പിക ധാരാളം.അഞ്ചു ഉറുപ്പിക എന്നത് വലിയൊരു തുക തന്നെ ) തന്നു വയറും, മനസ്സും, കീശയും നിറച്ചേ ആച്ചു അമ്മായി എന്നെ വിടുകയുള്ളൂ.

എന്‍റെ ഉപ്പക്കു പറയത്തക്ക കുടുംബമൊന്നുമില്ല. ഞാന്‍ കണ്ടിട്ടില്ല ഉപ്പയുടെ ഉമ്മയെയും, ഉപ്പയെയും. ഒരു പാത്തു അമ്മായി. പിന്നെ എടക്കല്‍ അമ്മായിയും.ഈ അമ്മായിമാരും ഉപ്പയുടെ നേരെ പെങ്ങന്മാരായിരുന്നില്ല .പാത്തു അമ്മായിയോളം ഉപ്പയുമായി അടുത്ത ബന്ധക്കാരായിരുന്നി
ല്ല ആച്ചു അമ്മായി. എന്നാല്‍ ആച്ചു അമ്മായിക്ക് ഉപ്പയോടും, ഉമ്മയോടും എന്നോടുമുള്ള സ്നേഹം വിലമതിക്കാന്‍ കഴിയുന്നതല്ല. സ്നേഹത്തിന്‍റെ ആശ്രമാമായിരുന്നു എടക്കല്‍ വീടും ആച്ചു അമ്മായിയും. അവിടെയുള്ള ഇക്കാക്കമാരും.ആയിശ ഇത്താത്തയും, ബീരാനിക്കാക്കയും .

അങ്ങിനെ രണ്ടുദിവസം ആച്ചു അമ്മായിയുടെ സ്നേഹാലയമായ എടക്കല്‍ വീട്ടില്‍ താമസിച്ചു കീശയില്‍ കുറെ അണകളുമായി എന്നെ മുഹമ്മദിക്കയുടെ കൂടെ എന്‍റെ വീട്ടിലേക്കു അയക്കും. ഇത് ഒരു പതിവ് സംഭവം...ആച്ചു അമ്മായിയുടെ വീട്ടില്‍  താമസിക്കാന്‍ കൊണ്ട് പോയാല്‍ എപ്പോഴും ഇങ്ങിനെ തന്നെ.... എടക്കല്‍ വീട്ടില്‍ നിന്നും ഇക്കാക്കയുടെ ജോലിസ്ഥലമായ തെരുവത്തെക്ക്  എത്താന്‍ ഒരു കിലോമീറ്റര്‍ നടക്കണം. ഇക്കാക്കയുടെ പണിസ്ഥലം. തെരുവത്തെ മാമുക്കോയക്കന്റെ മസാല പ്പീടികയിലെ (പലചരക്കു കട)   ഇവിടെയാണ്‌ എന്‍റെ വീടും.

ഇക്ക നടന്നു ജോലിസ്ഥലമായ മസാല പീടികയില്‍ എത്തും  വരെ വഴിനീളെ  പരിചയക്കാരായി
രിക്കും  ഇക്കാക്ക്. വഴിയരികിലെ വീടുകളില്‍ നിന്നും ഇക്കാക്കയെ കാണുന്നവര്‍ ഇക്കാക്കയെ വിളിക്കും.. ഒരു സ്നേഹാന്വേഷണം. ചിലര്‍ എന്തെങ്കിലും .സഹായത്തിനായിരിക്കും.ഒരണ
യോ,നാലണയോ...അങ്ങിനെ. ഇക്ക കൊടുക്കുകയും ചെയ്യും.ഇതൊരു പതിവ്.

ഇക്കാക്കയുടെ കയ്യും പിടിച്ച്  നടന്നു നീങ്ങുമ്പോള്‍. ഒരു പ്രായമായ സ്ത്രീ.
'മോഹമ്മദേ..ഒന്ന് നിക്ക്... മോനെ ..
എന്താ മാളു അമ്മെ..സുഖാണോ? ഇക്കാക്കയുടെ ചോദ്യം.
മാളു അമ്മ ഉമ്മറത്തുനിന്നും ഇറങ്ങി വന്നു.
'മോഹമ്മദേ,, ഒരു നാലണ വേണം മോനെ..അത്യാവശ്യായിട്ട മോനെ..
മാളു അമ്മയുടെ ചോദ്യം തീരും മുമ്പെ ഇക്കാക്ക കീശയില്‍ തപ്പി.
ഇക്കാക്കയുടെ കീശയില്‍ മൂന്നണ മാത്രേ ഉള്ളൂ.. അപ്പോള്‍ ഇക്കാക്ക എന്‍റെ നേരെ തിരിഞ്ഞു,
മോനെ..ഒരണ ഇക്കാക്കക്ക് താ. മോന് ഇക്കാക്ക തരാം..എന്ന് പറഞ്ഞു എന്നോട് ഒരണ കടം വാങ്ങി ഇക്കാക്ക മാളു അമ്മക്ക് നാലണ തികച്ചു  കൊടുത്തു..
മാളു അമ്മക്ക് സന്തോഷമായി, നാലണയും കയ്യില്‍പിടിച്ച്, കൈ നെഞ്ചോട്‌ ചേര്‍ത്ത് കൃഷ്ണാ, ഗുരുവായൂരപ്പാ,..എന്ന് വിളിച്ചു പ്രാര്‍ത്തിച്ചു കൊണ്ട്‌ മാളു അമ്മ മടങ്ങുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു....
ഇക്കാക്ക എന്‍റെ കൈയും പിടിച്ചു തിരക്കിട്ട് നടന്നു..പിന്നെ ഇക്കാക്ക ഒന്നും സംസാരിച്ചില്ല.
ഇക്കാക്കയുറെ മനസ്സ് നിറയെ മാളു അമ്മയുടെ പ്രാര്‍ത്ഥനയും, ആരൂപവും ആയിരിക്കാം..
അന്നെന്റെ ആ ഇളം മനസ്സിലും മാളു അമ്മയുടെ ആ ദയനീയ മുഖവും, ഇക്കാക്ക എന്ന ആ വലിയ മനസ്സിനെയും എന്നെ വല്ലാതെ സ്വാധീനിച്ചു എന്ന് പറയാം..

ഇതിനു ശേഷം ഒരുപാടു അണകള്‍ ഇക്കാക്ക എനിക്ക് തന്നു. അപ്പോഴൊക്കെയും എനിക്ക് തരാനുള്ള അണ ഇക്കാക്ക എനിക്ക് തന്നില്ല. തന്ന അണകള്‍ ഒന്നും ഇക്കാക്ക വാങ്ങിയ കടത്തിലേക്ക് പോയില്ല.അത് വേറെ. .കടം വേറെ എന്ന  നിലപാടായിരുന്നു എന്റേത്. പക്ഷെ ആ
കടം വീട്ടാന്‍ എന്‍റെ ഇക്കാക്കക്ക് കഴിഞ്ഞില്ല...അതിന്നു മുമ്പെ ഇക്കാക്കക്ക് ഈ ലോകത്തോട്  യാത്ര പറയേണ്ടിവന്നു....... 
വര്‍ഷങ്ങള്‍ ഏറെ കടന്നുപോയി...എങ്കിലും മനസ്സിലെ മങ്ങാത്ത മുഖങ്ങള്‍ക്ക് ഇന്നും  അതേ സ്നേഹത്തിളക്കം ...
           ചെകുത്താനും, ചേട്ടയും..ഭീകരവും, ഭയാനകവുമായ
                               ദിന രാത്രങ്ങള്‍ 
                                                                   തുടരുന്നു അടുത്തതില്‍





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ